തനിക്കെതിരെ ഉയരുന്ന ആരോപണങ്ങൾ നിഷേധിച്ച് നടി മാലാ പാർവതി. ‘അമ്മ’ ഓഫിസിലെ സിസിടിവിയിലെ ശബ്ദസന്ദേശങ്ങൾ ചോർത്തി പുറത്തുവിട്ടത് മാലാ പാർവതിയാണെന്ന തരത്തിൽ വാർത്തകൾ പരന്നിരുന്നു.
എന്നാൽ അത് അമ്മ ജനറൽ സെക്രട്ടറി കുക്കു പരമേശ്വരന്റെ ഫോണിൽ റിക്കാർഡ് ചെയ്ത സംഭാഷണ ശകലങ്ങൾ ആണെന്ന് മാല പറയുന്നു.
മാലാ പാർവതിയുടെ വാക്കുകൾ
''‘അമ്മ’ സംഘടനയിലെ സി.സി.ടി.വി യിലെ ഓഡിയോ ലീക്ക് ചെയ്തു എന്നും അത് മാലാ പാർവതി പുറത്ത് വിട്ടു എന്നും ഒരു ചാനൽ അവതാരകൻ പറയുന്നു. ആ വാർത്ത വാസ്തവ വിരുദ്ധമാണ്.
കുക്കു ഒരു ഹണിട്രാപ്പ് ചെയ്യാൻ നിർദ്ദേശം നൽകി എന്ന് ഒരു ആരോപണം വന്നു. അതിനെ സംബന്ധിച്ച്, ചാനൽ ചർച്ചയ്ക്ക് എനിക്കും പോകേണ്ടി വന്നു.
ഇതിൽ സത്യമുണ്ടോ എന്നന്വേഷിച്ചപ്പോൾ, അത് വാസ്തവ വിരുദ്ധമാണെന്നും, അതിന് നേരെ എതിര് വോയിസ്, കുക്കുവിന്റെഫോണിൽ ഉണ്ട് എന്നും ചില എക്സിക്യൂട്ടീവ് അംഗങ്ങൾ പറഞ്ഞു.
അവർ കേട്ടതാണെന്നും, അതിലെ വോയിസ് പുറത്ത് വന്നാൽ മുഹമ്മദിന്റെ വീട്ടിൽ മൂന്ന് ശവങ്ങൾ ഉണ്ടാകുമെന്നും അത് കൊണ്ട് ആ വോയിസ് പുറത്ത് വിടാതെ കുക്കു ചേച്ചി പൊട്ടി കരയുകയാണ് എന്നും പറഞ്ഞു.
കേൾക്കാതെ, ഞാൻ വിശ്വസിക്കില്ല. അത് എനിക്ക് കേൾക്കണം, കേട്ടാൽ മാത്രമേ മറ്റൊരു വശം ഉണ്ട് എന്ന് ഞാൻ പറയുകയൊള്ളു എന്ന് ഞാനും പറഞ്ഞു. അങ്ങനെ എനിക്കതിന്റെ ഒരു എഡിറ്റഡ് വേർഷൻ തരുകയും ചെയ്തു. മൂന്ന് ക്ലിപ്പുകളായി.
കാര്യങ്ങൾ മനസിലാക്കി പ്രതികരിക്കണമെന്നുള്ളത് കൊണ്ടാണത്, അങ്ങനെ ചെയ്തത്. അത് സിസിടിവി ഫുട്ടേജ് അല്ല. കുക്കുവിന്റെ ഫോണിൽ റെക്കോർഡ് ചെയ്തതിന്റെ ചില സംഭാഷണ ശകലങ്ങൾ.
തെളിവില്ലാതെയും കാര്യം മനസ്സിലാക്കാതെയും ഒന്നും പറയാൻ പറ്റില്ല. ഒരാളേം വിശ്വസിക്കാൻ പറ്റില്ലെന്നേ!. ഗ്രൂപ്പിന്റെ ഭാഗമായി കഥകൾ പടയ്ക്കലാണ് ഇവരുടെ പണി. ഈ ജനറൽ സെക്രട്ടറിയെ ഒക്കെ സപ്പോർട്ട് ചെയ്തതിന്റെ ദുഃഖം തുറന്ന് പറഞ്ഞ് മാപ്പ് പറഞ്ഞ് കൊണ്ടിരിക്കുകയാണ് ഞാൻ. അത് കൊണ്ട് തന്നെ എന്റെ തലയിൽ ചാരും എന്ന് എനിക്ക് കൃത്യമായി അറിയാമായിരുന്നു.
എങ്കിലും പിംപ് എന്നൊക്കെ പറഞ്ഞ് പരത്തുന്നതിനോട് എനിക്ക് വിയോജിപ്പുമുണ്ട് എന്നുള്ളത് കൊണ്ട് അവർ പറയുന്നത് കേൾക്കാൻ തയാറായി എന്ന് മാത്രം. ഇനി .... നോട്... താങ്കൾപുറത്ത് വിട്ട, ‘ ഐ ഗേവ് ഇറ്റ് ടു മാലാ’.
‘ഷി ആസ്ക്ഡ്’ എന്ന കുക്കുവിന്റെ വോയ്സ് നോട്ട് വിഡിയോയിൽ കേട്ടു. സത്യമാണ്. ഞാൻ ചോദിച്ചിരുന്നു. ഇത് സ്വന്തം ഫോണിൽ നിന്നാണ് എന്ന് കുക്കു തന്നെ പറഞ്ഞ മെസേജ് എന്റെ കൈയിലുണ്ട്. ‘അമ്മ’യിലെ സിസിടിവി സൈബർ വിദഗ്ദ്ധർ ചെക്ക് ചെയ്യട്ടെ. ആ ആന മണ്ടത്തരം ഞാൻ ചെയ്യില്ല. നിയമത്തെ കുറിച്ച് സാമാന്യ ബോധമുണ്ട്.
ഒരാളെ പിംപ് എന്നും അപസർപ്പക കഥകൾ മെനയുന്ന ആൾ എന്നൊക്കെ പറഞ്ഞ് ടാഗ് ചെയ്യുമ്പോൾ പോലും തെളിവില്ലാതെ സപ്പോർട്ട് ചെയ്യാൻ പറ്റാത്ത അവസ്ഥയാണ്. അത് കൊണ്ടാണ്, മറ്റൊരു വേർഷൻ ഉണ്ട് എന്ന് പറഞ്ഞപ്പോൾ കേൾക്കണം എന്ന് നിർബന്ധം പിടിച്ചത്.
ഒരു സൈഡ് മാത്രം പറയും, അത് നമ്മൾ വിശ്വസിച്ചോണം എന്ന് നിർബന്ധമുള്ള യൂട്യൂബർമാരുടെയും, അവിടേം ഇവിടേം പറയുന്ന മുഹമ്മദ്മാരുടെ കാലം! ഈ വിഷയത്തിൽ എന്റെ നിലപാട് ഞാൻ നേരത്തേ വ്യക്തമാക്കിയതാണ്. നിലവിലെ സാഹചര്യത്തിൽ ഭരണസമിതിക്ക് തുടരാനുള്ള ധാർമ്മിക യോഗ്യത നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് എന്റെ അഭിപ്രായം.
അതേസമയം, ഒരു വിഷയത്തിന്റെ ഒരു വശം മാത്രം കേട്ട് അത് വിശ്വസിക്കണമെന്ന് നിർബന്ധിക്കുന്ന സംസ്കാരത്തോടും, തെളിവില്ലാതെ വ്യക്തിഹത്യ നടത്തുന്ന പ്രവണതകളോടും എനിക്ക് യോജിപ്പില്ല. അതുകൊണ്ടാണ് എല്ലാ വശങ്ങളും കേൾക്കാൻ ഞാൻ തയ്യാറായത്.തയ്യാറായത് എന്ന വാക്കിനെക്കാൾ മെനക്കെട്ടത് എന്ന് പറയുന്നതാവും ശരി. പിന്നെ ചാനലിൽ വന്നത്.. അത് നിങ്ങൾ അവരോട് ചോദിക്കുക''.